Wednesday, October 30, 2013

Hide 'n' Seek













'ഞി ഇജ്ജെണ്ണ്.. ഞാനൊളിക്കാം..'
എന്നു ചൊല്ലി നീ മറഞ്ഞ
നാളുതൊട്ടാണ്‌ പ്രിയേ 
നിന്നോടുള്ള സ്നേഹം
ഞാനെണ്ണിത്തുടങ്ങിയത്..

തിരഞ്ഞു തളർന്നു 
തണല്‍ തേടിയപ്പോള്‍
മേലെ ഇലപൊഴിച്ചു നിന്ന 
ശിശിര മരമാണ് ഓര്‍മിപ്പിച്ചത് 
'വേനലറിഞ്ഞ മോഹങ്ങളേ 
വസന്തങ്ങളില്‍ പൂവിടൂ' എന്ന്..

കാത്തുകാത്തിരുന്ന
പ്രതീക്ഷയുടെ അറ്റത്താണ്
കയ്യെത്തും ദൂരത്തിങ്ങിനെ
കണ്‍നിറയെ നിന്നെ
കാണാമെന്നായത്..

വിധിയെന്നു പറഞ്ഞു
യാത്രാമൊഴി ചൊല്ലാതെ
ദൂരെ ഇടവഴിക്കപ്പുറത്തേക്കു
നീ നടന്നു മറഞ്ഞപ്പോൾ,
തനിച്ചാക്കല്ലേയെന്നു കെഞ്ചി
നിന്റെ പിറകേയോടാൻ
തുനിഞ്ഞ നേരമാണ്
അറിയാതെ കല്ലിലടിച്ച്
തടഞ്ഞു വീണുപോയത്..

അന്നേരം
തോലു പോയ കാൽമുട്ടിൽ
പറ്റിപ്പിടിച്ചു കിടന്ന ചരൽകല്ലാണ്
പറഞ്ഞു തന്നത്
'ചിലനേരം മനസ്സിന്
കല്ലിന്റെ കട്ടി വേണ'മെന്ന്..

ഒടുക്കം
നിന്റെ മൈലാഞ്ചിക്കൈകളും
എന്റെ ഈറൻ മിഴികളും
ചുവന്നു തുടങ്ങിയപ്പോയായിരിക്കാം
നീയെനിക്ക് അന്യയായത്...
നാളെയെൻ ഖബറിനു മീതെ
മൈലാഞ്ചിച്ചെടി നടുവോളം
എന്റെ മനസ്സിലിങ്ങിനെ
ഒളിച്ചു കളിക്കുമായിരിക്കും
നിന്റെ ഓർമ്മകൾ...

എങ്കിലും കളിത്തോഴീ
ഇപ്പോഴും അറിയാത്തതിതാണ്..

"ഒരുപിടി സ്നേഹത്തെ മായ്ക്കാൻ
ഒരുപാട് സ്നേഹമുള്ളോരാൾ
ഇതുവഴി വരുമെന്നെന്തേ
നീ പറയാൻ മറന്നത്..
സ്നേഹത്തെ ജയിക്കാൻ
ഓർമ്മകൾക്കാവില്ലെന്നും.."
_______________© മോന്‍സ്


4 comments:

  1. അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. ഞങ്ങളുടെ നാട്ടില് ഇതിനെ അമ്പസാറ്റ് കളി എന്നു പറയും.....

    ReplyDelete
  3. സാറ്റുമരത്തിന്റെ പിറകില്‍ ഒളിയ്ക്കാന്‍ പാടില്ല!

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?