Wednesday, October 30, 2013

Hide 'n' Seek













'ഞി ഇജ്ജെണ്ണ്.. ഞാനൊളിക്കാം..'
എന്നു ചൊല്ലി നീ മറഞ്ഞ
നാളുതൊട്ടാണ്‌ പ്രിയേ 
നിന്നോടുള്ള സ്നേഹം
ഞാനെണ്ണിത്തുടങ്ങിയത്..

തിരഞ്ഞു തളർന്നു 
തണല്‍ തേടിയപ്പോള്‍
മേലെ ഇലപൊഴിച്ചു നിന്ന 
ശിശിര മരമാണ് ഓര്‍മിപ്പിച്ചത് 
'വേനലറിഞ്ഞ മോഹങ്ങളേ 
വസന്തങ്ങളില്‍ പൂവിടൂ' എന്ന്..

കാത്തുകാത്തിരുന്ന
പ്രതീക്ഷയുടെ അറ്റത്താണ്
കയ്യെത്തും ദൂരത്തിങ്ങിനെ
കണ്‍നിറയെ നിന്നെ
കാണാമെന്നായത്..

വിധിയെന്നു പറഞ്ഞു
യാത്രാമൊഴി ചൊല്ലാതെ
ദൂരെ ഇടവഴിക്കപ്പുറത്തേക്കു
നീ നടന്നു മറഞ്ഞപ്പോൾ,
തനിച്ചാക്കല്ലേയെന്നു കെഞ്ചി
നിന്റെ പിറകേയോടാൻ
തുനിഞ്ഞ നേരമാണ്
അറിയാതെ കല്ലിലടിച്ച്
തടഞ്ഞു വീണുപോയത്..

അന്നേരം
തോലു പോയ കാൽമുട്ടിൽ
പറ്റിപ്പിടിച്ചു കിടന്ന ചരൽകല്ലാണ്
പറഞ്ഞു തന്നത്
'ചിലനേരം മനസ്സിന്
കല്ലിന്റെ കട്ടി വേണ'മെന്ന്..

ഒടുക്കം
നിന്റെ മൈലാഞ്ചിക്കൈകളും
എന്റെ ഈറൻ മിഴികളും
ചുവന്നു തുടങ്ങിയപ്പോയായിരിക്കാം
നീയെനിക്ക് അന്യയായത്...
നാളെയെൻ ഖബറിനു മീതെ
മൈലാഞ്ചിച്ചെടി നടുവോളം
എന്റെ മനസ്സിലിങ്ങിനെ
ഒളിച്ചു കളിക്കുമായിരിക്കും
നിന്റെ ഓർമ്മകൾ...

എങ്കിലും കളിത്തോഴീ
ഇപ്പോഴും അറിയാത്തതിതാണ്..

"ഒരുപിടി സ്നേഹത്തെ മായ്ക്കാൻ
ഒരുപാട് സ്നേഹമുള്ളോരാൾ
ഇതുവഴി വരുമെന്നെന്തേ
നീ പറയാൻ മറന്നത്..
സ്നേഹത്തെ ജയിക്കാൻ
ഓർമ്മകൾക്കാവില്ലെന്നും.."
_______________© മോന്‍സ്


Sunday, October 6, 2013

മഴ പെയ്യുന്നത്















സ്കൂൾ വിട്ടു വരവേ
ചോര്‍ന്നു തുടങ്ങിയ
പുള്ളിക്കുടയിലൂടെ
പുസ്തകത്താളുകള്‍
നനഞ്ഞു കുതിരുമ്പോള്‍ 
ഇളം കുളിരാണ്
മഴയെന്നു തോന്നും..

ഇല്ലാഴ്മയുടെ അടുപ്പത്ത്
മഷിയൊലിച്ചിറങ്ങിയ
പുസ്തകമുണക്കുമ്പോള്‍
അടുത്തു വന്നിരിക്കും ഉമ്മ..

പുറത്ത്
മഴ തോർന്നിട്ടുണ്ടാകുമെങ്കിലും
അടുക്കളക്കകത്ത്
ചാറ്റല്‍മഴപോല്‍ പെയ്യുന്നുണ്ടാകും
ഉമ്മാന്‍റെ സങ്കടങ്ങൾ..

"മഴയിങ്ങിനെ പെയ്താൽ,
അടുപ്പില്‍ തീകത്തിക്കാന്‍
ഒന്നും ണ്ടാകൂലല്ലോ മോനേ?
അടുത്ത കര്‍ക്കിടകം
വര്ണേയ്ന്റെ മുന്നെങ്കിലും 
ഈ പൊട്ടിയ ഓടും
പട്ടികയും കൈക്കോലും
ഒക്കെ മാറ്റിയിടണ്ടീനീ മോനേ?"

അപ്പോള്‍ മാത്രം
മാഞ്ഞുപോകും തോന്നലുകൾ,
പതിയെ തെളിഞ്ഞുവരും
ചില നേരുകൾ..

എല്ലാ മഴയും പെയ്യുന്നത്
മാനത്തു നിന്നല്ലെന്ന്..
ഉമ്മാന്‍റെ കണ്ണിലൊഴുകും
കണ്ണീര്‍ മഴയ്ക്ക് കുളിരല്ലെന്ന്..
നോവിന്‍റെ ഇളം ചൂടാണെന്നും..
______________© മോന്‍സ്