Thursday, April 10, 2014

വല്ല്യുപ്പ


ല്ലിമ്മാരത്തെ തൊടിയില്‍
വെയിലത്ത് കളിച്ചുനടന്നിരുന്ന
വേനലവധിക്കാലത്താണ്
വല്ല്യൂപ്പയെ
അടുത്തറിഞ്ഞിരുന്നത്..

വല്ല്യുപ്പയെന്നാല്‍
കോലായിലെ
ഒടിഞ്ഞുവീഴാറായ
ഉത്തരത്തിലേക്കുനോക്കി
ചാരുകസാലയില്‍
ചാഞ്ഞു കിടന്നിരുന്ന
അത്താണിയായിരുന്നു..

ക്രിക്കറ്റ് കളിക്കാന്‍
വയിലേക്കെത്തുന്ന
കല്‍പ്പടവുകളിലൂടെ
ഇറങ്ങിയോടുമ്പോള്‍
ഉച്ചത്തില്‍ കേള്‍ക്കാറുള്ള
"മണ്ടല്ലേ, മണ്ട്യാ വീണോകുംട്ടോ"
എന്ന കരുതലായിരുന്നു..

ഒറ്റത്തോര്‍ത്തുടുത്ത്,
കവിളില്‍ വെള്ളം നിറച്ച്
അടുക്കളടക്കരികിലെ
കിണറ്റിന്‍കരയില്‍ നിന്ന്
വെള്ളം കോരിക്കുളിക്കുമ്പോള്‍
ചന്ദ്രിക സോപ്പിന്റെ
നറുമണമായിരുന്നു..

വെള്ളിയാഴ്ചകളില്‍
നേരത്തെ കുളിച്ചൊരുങ്ങി
വെള്ളക്കുപ്പായമൊക്കെയിട്ട്
ആ കൈത്തുമ്പില്‍ പിടിച്ച്
പുത്തൂപാടം പള്ളിയിലേക്ക്
വേഗത്തില്‍ നടക്കുമ്പോള്‍
പഞ്ഞിയില്‍ മുക്കി പുരട്ടിതന്ന
അത്തറിന്റെ പരിമളമായിരുന്നു..

ഞങ്ങള്‍ തൊട്ടുകളിക്കുന്ന
തറവാടിന്റെ നാലുമുക്കിലും
പഞ്ചാരമാവിന്‍ ചോട്ടിലും
പറമ്പായ പറമ്പു മുഴുവനും
തളംകെട്ടിക്കിടക്കുന്ന
പൊടിവിയര്‍പ്പായിരുന്നു..

ഒരാഴ്ച നിന്നു മടങ്ങുമ്പോഴും
"തിരക്കായ്‌ല്ലേ കുട്ട്യളേ ങ്ങക്ക്..
കൊറച്ചീസൂടീം നിന്നിട്ട്
പൊയാപ്പോരേന്നും" പറഞ്ഞ്
വാത്സല്യത്താല്‍
നിറഞ്ഞു തുളുമ്പിയിട്ടും
നിറഞ്ഞെന്നു തോന്നാത്ത
നിറകുടമായിരുന്നു..

ആ സുഗന്ധവും സാമീപ്യവും
തലോടലും സാന്ത്വനവും
എല്ലാമെല്ലാം
'ഓര്‍മ്മ'യെന്ന
ഒറ്റവാക്കായിപ്പോയത്
ഒറ്റക്കാക്കി വല്ല്യുപ്പ
പോയതില്‍പിന്നെയാണ്..

ഇപ്പോഴും
വല്ലിമ്മാരത്തിനടുത്ത്
പുത്തൂപാടം പള്ളീന്ന്
പാഞ്ഞിറങ്ങിപ്പോരുന്നേരം,
പള്ളിക്കുളത്തിനുമപ്പുറം
പറങ്ങിമാവിന്‍ തണലോരം
പതിഞ്ഞു കിടക്കക്കുന്ന
മീസാന്‍ കല്ലുകള്‍ക്കു മീതെ നിന്നും
ഒരു നീണ്ട മൗനം
പതിയെ നെടുവീര്‍പ്പിടാറുണ്ട്
"ന്റെ കുട്ടിക്ക്പ്പളും
തെരക്കന്നാണ്‌ല്ലേ.."

പൊറുക്കണം..
ഓര്‍മകളില്‍ നിന്ന്
ഓടിയൊളിക്കാന്‍
'തിരക്കെ'ന്ന സൂത്രം
എന്നെയാരോ
പഠിപ്പിച്ചതാണു
വല്ല്യൂപ്പാ..

___________© മോന്‍സ്

 

Thursday, March 20, 2014

ഓർമ്മ മഴ
ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം..
മഴ ചറപറാന്ന് പെയ്യുന്ന ഒരൂ ജൂണ്‍ മാസം..
ഉച്ചക്കഞ്ഞി കഴിഞ്ഞുള്ള ഒഴിവു സമയം..
പുറത്ത് വരാന്തക്കപ്പുറത്ത് ചാറിപെയ്യുന്നുണ്ട് മഴ..
ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ ഒറ്റക്കിരുന്ന് റഫ് ബുക്കിന്റെ ഏതോ പേജില്‍
എന്തോ കുത്തിക്കുറിച്ചിരിക്കുകയായിരുന്നു ഞാന്‍. വേറൊന്നുമല്ല. മഴയെ കുറിച്ച് തന്നെ. കണ്ണും മനസ്സും പേനയും കടലാസ്സില്‍ തന്നെയാണ്. പുറത്തുള്ളതൊന്നും ഞാന്‍ അറിയുന്നേയില്ല.
പെട്ടെന്നാണ് ഒരു പെണ്‍കുട്ടിയുടെ സ്വരം:
"ഡാ, ജ്ജ്ത് എവടാണ്?"
ഞാന്‍ മുഖമുയര്‍ത്തി നോക്കിയതും എന്റെ കണ്ണിലും പുസ്തകത്തിലും മഴവെള്ളം ശക്തിയില്‍ വന്നു പതിച്ചതും ഒരുമിച്ചായിരുന്നു. വരാന്തയില്‍ നിന്ന് ഓടിന്റെ ചാലിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം കൈകുമ്പിളില്‍ കോരിയെടുത്ത് എന്റെ മുഖത്തേക്കൊഴിച്ചതാണവള്‍. എന്റെ അടുത്ത് എത്തുമ്പോഴേക്കും ആ മെലിഞ്ഞ കൈകളില്‍ നിന്ന് മുക്കാല്‍ ശതമാനം വെള്ളവും ഉറ്റിയൊലിച്ചു പോയതുകൊണ്ട് വല്ലാതെ നനഞ്ഞില്ല..
ഞാന്‍ ദേഷ്യപ്പെട്ടു:
"ജ്ജ് ദെന്ത് പണിയാ വളെ കാണിച്ച്യേ?"
അവള്‍ ചിരിക്കുകയായിരുന്നു.
"അതൊക്കെ പോട്ടെ, ജ്ജ് തെന്താ എഴ്ത്ണത്.."
"മഴയെ കുറിച്ചാണ്". ഞാന്‍ പറഞ്ഞു.
"അല്ല പൊട്ടാ. മഴനെ പറ്റി എഴ്തണേല്‍ മഴ കാണണ്ടേ..
ജ്ജ് വ്ടങ്ങനെ ഇരുന്നാല്‍ മഴ കാണോ.. പുറത്തേക്ക് വാ..
അവ്ടല്ലേ ശരിക്കും മഴ.."
അവള്‍ പിന്നെയും ചിരിക്കുകയാണ്.
റഫ് ബുക്ക് മടക്കിവെച്ച് ഒന്നും മിണ്ടാതെ അവളുടെ പിറകേ ഞാനും വരാന്തയിലേക്ക് നടന്നു. പുറത്തപ്പോള്‍ മഴതോര്‍ന്ന് വെയിലുദിച്ചിരുന്നു.
ദൂരെ പൊന്‍പറക്കുന്നിനും മേലെ ആകാശത്ത് മഴവില്ലും വിരിഞ്ഞിരുന്നു..
ഈയടുത്ത് എന്തോ കാര്യമായ വര്‍ക്ക് ചെയ്തിരിക്കുന്നേരത്ത് ഫേസ്ബുക്കില്‍ ഒരു മെസേജ് നോട്ടിഫിക്കേഷന്‍ വന്നു. നോക്കിയപ്പോള്‍ ഈ മഴചിത്രവും കൂടെ പത്ത് പതിമൂന്ന് വര്‍ഷം മുന്നേ കേട്ട അതേ ചോദ്യവും.
"ഡാ, ജ്ജിപ്പം എവടാണ്?"
അതെ, അവൾ തന്നെയാണ്.
ഈ ചിത്രവും ചോദ്യവും കണ്ടമാത്രയില്‍ ഒരുനിമിഷം മുഖത്തേക്കാരോ മഴവെള്ളം തെറിപ്പിച്ചതുപോലെ...
മഴനൂലുകളില്‍ പിടിച്ച് പിന്നെയും സ്‌കൂള്‍ വരാന്തയിലെത്തിയ പോലെ.. പിന്നെയൊരു പെയ്ത്തായിരുന്നു ഈ ഓർമ്മ മഴ..
മറവിയുടെ ആഴങ്ങളിലേക്ക്
അതങ്ങിനെ ഇപ്പോഴും പെയ്‌തോണ്ടിരിക്കുന്നു...
_______________© മോന്‍സ്