Tuesday, February 14, 2012

ചുവന്ന പൂക്കളും ശലഭങ്ങളും


ഒരു പ്രണയദിനം കൂടി
പടിയിറങ്ങിപ്പോകുമ്പോള്‍
മനസ്സിന്റെ പടിവാതില്‍ക്കല്‍
ആരോ കാണിക്ക വെച്ചിരുന്നു
ഒരു കുടന്ന ചുവന്ന പൂക്കളും
കുറച്ചു  ചിത്രശലഭങ്ങളും
ഉത്തരമില്ലാത്ത ചോദ്യങ്ങളും..

പൂക്കളിലെ പ്രണയച്ചുവപ്പ്

കണ്ടുമറന്ന ഓര്‍മയില്‍ നിറയുന്നു..
തിരക്കിന്റെ വേഗതയിലെപ്പോഴോ 
കണ്ടുനില്‍ക്കാനാകാതെപോയ കാഴ്ച..
റെയില്‍വേ ട്രാക്കിലെ തിളക്കത്തില്‍
കട്ടപിടിച്ച പെണ്‍പൂവിന്‍ ചോരയ്ക്കും
ഇതേ നിറമായിരുന്നു..!!

നനഞ്ഞു തുടങ്ങിയ കണ്ണിലും
വെറുതെ തുടിക്കും നെഞ്ചിലും
ശലഭങ്ങള്‍ പറന്നു വന്നിരിക്കുന്നു
നോവിന്റെ സൂചി കുത്തിയിറക്കുന്നു..

അച്ഛന്റെ കാലുകള്‍ക്കിടയില്‍
പിടഞ്ഞു തീര്‍ന്ന കൊച്ചുകുട്ടിയുടെ
കല്ലറക്കു മുകളില്‍ പറന്നിരുന്ന
സ്വര്‍ഗത്തിലെ ശലഭങ്ങള്‍ക്കും
ഇതേ തുടിപ്പായിരുന്നു..!!

 
പ്രണയമെന്തെന്ന ചോദ്യത്തിനു

ശരീരമെന്നുത്തരം പറഞ്ഞതാരാണ്?
ആശാമരച്ചില്ലയില്‍ കൂടൊരുക്കിയ
പ്രണയം വിരിഞ്ഞു വരുമ്പോള്‍
കാമമായിത്തീന്നതെങ്ങിനെയാണ്?
 
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി
ആരോരുമില്ലാത്തൊരാല്‍മരച്ചോട്ടില്‍
ഒറ്റക്കിരുന്നു കരയുന്നുണ്ടായിരുന്നു
പ്രണയമെന്ന സത്യം..
നന്മയുടെ മണമുള്ള റോസാപ്പൂവും പിടിച്ച്..
ഉപാധികളില്ലാത്ത
ഒരു മനസ്സും തിരഞ്ഞ്..!!
___________________________© മോന്‍സ്

Tuesday, February 7, 2012

നക്ഷത്രലോകത്തെ സുന്ദരി വളുടെ കണ്ണിലെ നക്ഷത്രപ്പൊട്ടുകളിലേക്ക്
ഇമവെട്ടാതെ നോക്കി നില്‍ക്കെയാണ്
അറിയാതെ ഞാന്‍ ചോദിച്ചുപോയത്:

"എനിക്കുമാത്രമായെന്നും ഉദിച്ചുനില്‍ക്കുന്ന
ഒരു കൊച്ചു നക്ഷത്രമായിക്കൂടെ നിനക്ക്?"

അവള്‍ ഒന്ന് ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു:

"ഞാനെന്ന നക്ഷത്രം എപ്പോഴുമുണ്ട് നിന്റെ മുന്നില്‍
ചിലനേരം നിനക്ക് കാണാനാകില്ലെന്നു മാത്രം..
ഒരു നിമിഷം തരൂ.. ഞാനെന്നെന്നേക്കുമായി നക്ഷത്രമാകാം.."

അവള്‍ പറഞ്ഞു തീരുന്നതിനു മുമ്പേ അസ്തമിച്ചു സൂര്യന്‍..
ഇരുള്‍വീണ വാനില്‍ അതാ അവളങ്ങിനെ
തിളങ്ങി നില്‍ക്കുന്നു..
മേലെ ഇമചിമ്മിക്കൊണ്ടിരിക്കുന്ന താരം എന്റേതാണെന്ന്
ഉറക്കെയുറക്കെ ലോകത്തോട്‌ വിളിച്ചു പറഞ്ഞു ഞാന്‍.
മനസ്സ് തുടികൊട്ടുകയായിരുന്നു സന്തോഷത്താല്‍..
പെട്ടെന്ന്
പുലരി പിറന്നു..
പറവകള്‍ ദൂരേക്ക് പറന്നുപോയി..
ശൂന്യമായ നീലാകാശം എന്നെ കളിയാക്കി ചിരിച്ചു..

കണ്ണില്‍ കുത്തിത്തറച്ച പകലിന്റെ വെളിച്ചം ഓര്‍മിപ്പിച്ചു:

"കൂരിരുട്ടില്‍ മാത്രമേ നിനക്കാ നക്ഷത്രത്തെ കാണാനാകൂ..
പക്ഷെ അവള്‍ക്കെപ്പോഴും നിന്നെ കാണാം.."

കണ്ണില്‍ നനവ്‌ പടരുകയായിരുന്നു..

"
ഇതുകൂടി നീയറിയണം...
ഇഷ്ടമെന്നാല്‍ സ്വന്തമാക്കുക എന്നര്‍ത്ഥമില്ല.
സ്നേഹമെന്നാല്‍ വിട്ടുകൊടുക്കല്‍ കൂടിയാണ്..."

വേണ്ടില്ലായിരുന്നു.. ഒന്നും... ഒന്നും..
ഇന്നലെ രാത്രിയിലും നിന്നെ
ഓര്‍ത്തോര്‍ത്തുറങ്ങിയപ്പോഴാണ്
എന്റെ സ്വപ്നത്തില്‍ നീ വന്നിറങ്ങിയത്..
ഒരു ചോദ്യശരം നെഞ്ചില്‍ തൊടുത്തു പോയത്..

"എന്നെ കാണാനാണോ പ്രിയാ
പകല്‍ വെളിച്ചത്തിലും നീ ഇരുട്ടിനെ സ്നേഹിക്കുന്നത്?
ആള്‍ക്കൂട്ടത്തിലും ഒറ്റക്കാണെന്ന് കള്ളം പറഞ്ഞ്
കിളിവാതിലുകള്‍ ചേര്‍ത്തടച്ചു
ഈ ഇരുട്ട് മുറിയില്‍ ഇങ്ങനെ ഒറ്റക്കിരിക്കുന്നത്..?"

___________________________© മോന്‍സ്