Wednesday, May 30, 2012

ഔട്ട്‌ ഓഫ് സിലബസ്


ഹളമയമായ അഞ്ചാം ക്ലാസ്.
കൈകള്‍ മേശക്കു മുകളില്‍ അടിച്ചു ടീച്ചര്‍ 'സൈലെന്‍സ്' പറഞ്ഞു.
ശാന്തരായ കുട്ടികളോട് ടീച്ചര്‍ ചോദിച്ചു:
"മനുഷ്യനു ഈ ലോകത്ത് ജീവിക്കാന്‍ അത്യാവശ്യം വേണ്ടത് എന്താണ്?
'വായു', 'ജലം', 'വെള്ളം', 'പാര്‍പ്പിടം',  'ഭൂമി',.  പുസ്തകത്തില്‍ തന്നെ ഉറങ്ങിയെഴുന്നേല്‍ക്കുന്ന 'പഠിപ്പിസ്റ്റു'കളുടെ ഉത്തരങ്ങള്‍ നീണ്ടു പോയി.
ഒരു ചോദ്യത്തിനു ഒരുപാട് ശരിയുത്തരങ്ങള്‍ ലഭിച്ചപ്പോള്‍ കുട്ടികളുടെ 'ജനറല്‍ നോളജും', തന്റെ ശിക്ഷണത്തിന്റെ പുരോഗതിയുമോര്‍ത്തു ടീച്ചര്‍ പുളകം കൊണ്ടു.
അപ്പോഴാണ്‌  ക്ലാസ്സിനു പുറത്തെ ചുമരില്‍ ചാരി നിന്നിരുന്ന കുട്ടി മറ്റൊരു ഉത്തരം പറഞ്ഞത്.
"മന:സ്സമാധാനം".
ഡാഡിയും മമ്മിയും തമ്മിലുള്ള സൌന്ദര്യപ്പിണക്കം കാരണം നിത്യവും നേരം വൈകിയെത്തി പുറത്തു നില്‍ക്കേണ്ടി വരുന്ന ആ കുട്ടിയുടെ ഉത്തരം 'ഔട്ട്‌ ഓഫ് സിലബസ്' ആയിരുന്നു.
___________________© മോന്‍സ്Saturday, April 21, 2012

മഴയോട് പറയാനുള്ളത്

മഴ പെയ്തുതോര്‍ന്ന നേരം
മഴവില്ലിന്‍ നിറമേഴും പകര്‍ന്നു 
ഇടവഴിയിലെ മരങ്ങളെ
ഇളംവെയില്‍ സ്വന്തമാക്കി..

നനഞു കുതിര്‍ന്നൊരു
വര്‍ഷകാല കിനാക്കളില്‍
സുഖമായുറങ്ങുകയായിരുന്ന
മരവും ദലമര്‍മരങ്ങളും
അറിഞ്ഞതേയില്ല ഒന്നും..

മഴയുടെ നെടുവീര്‍പ്പുകള്‍
നഷ്ടപ്രണയത്തിന്‍ ദൂതുമായ്‌
കാറ്റായ് തേടിയെത്തിയ നേരം
ഇലത്തുമ്പില്‍ തളംകെട്ടിക്കിടന്ന
അവസാന മഴയോര്‍മയും പൊഴിച്ച്
പ്രണയവിവശയായ് മരം ചോദിച്ചു:

"ദൂരെ ഒളിച്ചിരിക്കും നിലാമഴയോട്
ഒന്നൂടെ വരാന്‍ പറയുമോ ഇതിലേ?
വെറുതെ പെയ്തൊഴിയാനല്ല;
നിര്‍ത്താതെ തിമിര്‍ത്തു പെയ്യാന്‍
മനം കുളിരണിയും വരെയല്ല;
മൃതിയുടെ മണ്ണിലടിയും വരെ..!!"
________________© മോന്‍സ്
Sunday, April 8, 2012

മഴച്ചിത്രങ്ങള്‍റയത്തിറ്റിക്കൊണ്ടിരിക്കുന്ന

മഴനൂലില്‍ കോര്‍ത്ത
അനുരാഗ മുത്തുകളുടെ
തിളക്കം കണ്ടിരിക്കാന്‍ രസമാണ്!!

കാത്തു കാത്തു നിന്നിരുന്ന
വേഴാമ്പലിനെ പോലും മറന്നു
നോക്കി നോക്കി നില്‍ക്കെ
കണ്മുന്നില്‍ പെയ്തുതോരുമ്പോള്‍
മഴ ബാക്കിവെക്കുന്നത്‌ സങ്കടമാണ്!!

"കര്‍ക്കിടകം വരുന്നതിന്റെ മുന്നേ
പൊട്ടിയ ഓടും പട്ടികയും കൈക്കോലും
ഒന്ന് മാറ്റിയിടേണ്ടെ മോനെ?"
ചോദ്യത്തിന്റെ ഉത്തരം കടമാണ് !!
അല്ല, കടം മാത്രമാണ് !!!
___________________© മോന്‍സ്

Saturday, March 3, 2012

ദേശാടനക്കിളിയും കരയും

രുപാട് കാലത്തിനു ശേഷം തിരിച്ചെത്തിയ
ദേശാടനക്കിളി പുഴയോരത്തോട് പതിയെ ചോദിച്ചു:
"ഇവിടെയൊരു പുഴയുണ്ടായിരുന്നല്ലോ, അതെവിടെ?"
"ഓ, ഈ പുഴ വറ്റിയിട്ട് കുറച്ചായി.."
"പുഴ വറ്റുമോ?"
"പിന്നേ.. മനുഷ്യ മനസ്സിലെ നന്മ വരെ വറ്റിപ്പോകുന്നു..
പിന്നെയല്ലേ ആര്‍ക്കോ വേണ്ടി ഒഴുകിയിരുന്ന ഈ പുഴ.."
ആത്മാവ് നഷ്ടമാകുമ്പോള്‍,
വറ്റിപ്പോകും എല്ലാ നീരുറവകളും..
വിശ്വാസം നഷ്ടമാകുമ്പോള്‍,
ബാക്കിയുണ്ടായിരുന്ന പ്രതീക്ഷകളും..
____________________© മോന്‍സ്

Tuesday, February 14, 2012

ചുവന്ന പൂക്കളും ശലഭങ്ങളും


ഒരു പ്രണയദിനം കൂടി
പടിയിറങ്ങിപ്പോകുമ്പോള്‍
മനസ്സിന്റെ പടിവാതില്‍ക്കല്‍
ആരോ കാണിക്ക വെച്ചിരുന്നു
ഒരു കുടന്ന ചുവന്ന പൂക്കളും
കുറച്ചു  ചിത്രശലഭങ്ങളും
ഉത്തരമില്ലാത്ത ചോദ്യങ്ങളും..

പൂക്കളിലെ പ്രണയച്ചുവപ്പ്

കണ്ടുമറന്ന ഓര്‍മയില്‍ നിറയുന്നു..
തിരക്കിന്റെ വേഗതയിലെപ്പോഴോ 
കണ്ടുനില്‍ക്കാനാകാതെപോയ കാഴ്ച..
റെയില്‍വേ ട്രാക്കിലെ തിളക്കത്തില്‍
കട്ടപിടിച്ച പെണ്‍പൂവിന്‍ ചോരയ്ക്കും
ഇതേ നിറമായിരുന്നു..!!

നനഞ്ഞു തുടങ്ങിയ കണ്ണിലും
വെറുതെ തുടിക്കും നെഞ്ചിലും
ശലഭങ്ങള്‍ പറന്നു വന്നിരിക്കുന്നു
നോവിന്റെ സൂചി കുത്തിയിറക്കുന്നു..

അച്ഛന്റെ കാലുകള്‍ക്കിടയില്‍
പിടഞ്ഞു തീര്‍ന്ന കൊച്ചുകുട്ടിയുടെ
കല്ലറക്കു മുകളില്‍ പറന്നിരുന്ന
സ്വര്‍ഗത്തിലെ ശലഭങ്ങള്‍ക്കും
ഇതേ തുടിപ്പായിരുന്നു..!!

 
പ്രണയമെന്തെന്ന ചോദ്യത്തിനു

ശരീരമെന്നുത്തരം പറഞ്ഞതാരാണ്?
ആശാമരച്ചില്ലയില്‍ കൂടൊരുക്കിയ
പ്രണയം വിരിഞ്ഞു വരുമ്പോള്‍
കാമമായിത്തീന്നതെങ്ങിനെയാണ്?
 
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി
ആരോരുമില്ലാത്തൊരാല്‍മരച്ചോട്ടില്‍
ഒറ്റക്കിരുന്നു കരയുന്നുണ്ടായിരുന്നു
പ്രണയമെന്ന സത്യം..
നന്മയുടെ മണമുള്ള റോസാപ്പൂവും പിടിച്ച്..
ഉപാധികളില്ലാത്ത
ഒരു മനസ്സും തിരഞ്ഞ്..!!
___________________________© മോന്‍സ്

Tuesday, February 7, 2012

നക്ഷത്രലോകത്തെ സുന്ദരി വളുടെ കണ്ണിലെ നക്ഷത്രപ്പൊട്ടുകളിലേക്ക്
ഇമവെട്ടാതെ നോക്കി നില്‍ക്കെയാണ്
അറിയാതെ ഞാന്‍ ചോദിച്ചുപോയത്:

"എനിക്കുമാത്രമായെന്നും ഉദിച്ചുനില്‍ക്കുന്ന
ഒരു കൊച്ചു നക്ഷത്രമായിക്കൂടെ നിനക്ക്?"

അവള്‍ ഒന്ന് ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു:

"ഞാനെന്ന നക്ഷത്രം എപ്പോഴുമുണ്ട് നിന്റെ മുന്നില്‍
ചിലനേരം നിനക്ക് കാണാനാകില്ലെന്നു മാത്രം..
ഒരു നിമിഷം തരൂ.. ഞാനെന്നെന്നേക്കുമായി നക്ഷത്രമാകാം.."

അവള്‍ പറഞ്ഞു തീരുന്നതിനു മുമ്പേ അസ്തമിച്ചു സൂര്യന്‍..
ഇരുള്‍വീണ വാനില്‍ അതാ അവളങ്ങിനെ
തിളങ്ങി നില്‍ക്കുന്നു..
മേലെ ഇമചിമ്മിക്കൊണ്ടിരിക്കുന്ന താരം എന്റേതാണെന്ന്
ഉറക്കെയുറക്കെ ലോകത്തോട്‌ വിളിച്ചു പറഞ്ഞു ഞാന്‍.
മനസ്സ് തുടികൊട്ടുകയായിരുന്നു സന്തോഷത്താല്‍..
പെട്ടെന്ന്
പുലരി പിറന്നു..
പറവകള്‍ ദൂരേക്ക് പറന്നുപോയി..
ശൂന്യമായ നീലാകാശം എന്നെ കളിയാക്കി ചിരിച്ചു..

കണ്ണില്‍ കുത്തിത്തറച്ച പകലിന്റെ വെളിച്ചം ഓര്‍മിപ്പിച്ചു:

"കൂരിരുട്ടില്‍ മാത്രമേ നിനക്കാ നക്ഷത്രത്തെ കാണാനാകൂ..
പക്ഷെ അവള്‍ക്കെപ്പോഴും നിന്നെ കാണാം.."

കണ്ണില്‍ നനവ്‌ പടരുകയായിരുന്നു..

"
ഇതുകൂടി നീയറിയണം...
ഇഷ്ടമെന്നാല്‍ സ്വന്തമാക്കുക എന്നര്‍ത്ഥമില്ല.
സ്നേഹമെന്നാല്‍ വിട്ടുകൊടുക്കല്‍ കൂടിയാണ്..."

വേണ്ടില്ലായിരുന്നു.. ഒന്നും... ഒന്നും..
ഇന്നലെ രാത്രിയിലും നിന്നെ
ഓര്‍ത്തോര്‍ത്തുറങ്ങിയപ്പോഴാണ്
എന്റെ സ്വപ്നത്തില്‍ നീ വന്നിറങ്ങിയത്..
ഒരു ചോദ്യശരം നെഞ്ചില്‍ തൊടുത്തു പോയത്..

"എന്നെ കാണാനാണോ പ്രിയാ
പകല്‍ വെളിച്ചത്തിലും നീ ഇരുട്ടിനെ സ്നേഹിക്കുന്നത്?
ആള്‍ക്കൂട്ടത്തിലും ഒറ്റക്കാണെന്ന് കള്ളം പറഞ്ഞ്
കിളിവാതിലുകള്‍ ചേര്‍ത്തടച്ചു
ഈ ഇരുട്ട് മുറിയില്‍ ഇങ്ങനെ ഒറ്റക്കിരിക്കുന്നത്..?"

___________________________© മോന്‍സ്


Thursday, January 26, 2012

യാ റബീഹ്


കുളിര്‍മഞ്ഞു ചൂടി നില്‍ക്കും ഇലച്ചാര്‍ത്തുകള്‍
ഒളിപ്പിച്ചുവെക്കുന്നൊരാ മഴയോര്‍മകള്‍ പോല്‍
നെറികേടുകള്‍ കനം വെപ്പിച്ചതെങ്കിലും
ഈ പൊള്ള മനസ്സിലുമുണ്ട് മുത്ത്‌ റസൂലേ
പുണ്യ മദീനയുടെ ചില മണലോര്‍മകള്‍..

എന്നെയും ഈ മനസ്സിനെയും ആ മദീനയേയും
ഈ ലോകം തന്നെയും പടക്കാന്‍ കാരണഭൂതരായ്
മണ്ണിലും വിണ്ണിലും പ്രകാശം പൊഴിച്ച് നിന്നൊരാ
പുണ്യറസൂലിന്‍ തിരുസവിധത്തിലേക്കു ഞാന്‍
ഇളംകാറ്റിനൊപ്പം ഒരു തീര്‍ത്ഥയാത്ര പോയി.. 

ആ പച്ച ഖുബ്ബയാണ് മനസ്സിലാദ്യം പതിഞ്ഞു പോയത്

കണ്ണുകളാണ് സ്വപ്നത്തില്‍ നിന്നും നേരിലേക്ക് പെയ്തത്
മുകിലിന്റെ മടിയില്‍ നിന്നുതിര്‍ന്നുവീഴും നിലാമഴയായ്
പാപമനസ്സിന്‍ പുറംതോട് പൊട്ടിയൊലിച്ചു പോവുകയായ്

മേലെ അതിരുകളില്ല്ലാത്ത ഭക്തിയുടെ ആകാശത്ത്
വട്ടമിട്ടു പറക്കുന്ന വെള്ളരിപ്രാവുകളിലായിരുന്നു നോട്ടം..
താഴെ അലയടങ്ങാത്ത  സ്നേഹത്തിന്റെ കടലോരത്ത്
പുകള്‍പെറ്റ റസൂലിന്റെ സാമീപ്യമായിരുന്നു എന്റെ തേട്ടം..

പകലില്‍ തൂവെളിച്ചമായും രാത്രിയില്‍ നിറനിലാവായും
പ്രപഞ്ചത്തിലാദ്യ പ്രകാശ സൃഷ്ടിയാം തിരുദൂതരുള്ളപ്പോള്‍ 
ഈ മദീനത്തെ പള്ളിയിലെന്തിനാണ്  ഇത്രയും വിളക്കുകള്‍?
ഈന്തപ്പനയിലുറങ്ങിയവര്‍ക്കെന്തിനാണ് തണല്‍ കുടകള്‍?

ഉറങ്ങുന്ന ഉമ്മത്തിനു വേണ്ടി ഉറങ്ങാതെ പ്രാര്‍ഥിച്ച്
ഇരുള്‍കാടുകള്‍ വെട്ടിത്തെളിച്ച് നേര്‍വഴി കാണിച്ചുതന്ന്
എന്റെ കാല്പാടുകള്‍ അല്ലാഹുവിലേക്കുള്ളതാണെന്നു പറഞ്ഞ്

മുത്ത് റസൂല്‍ നന്മയുടെ കെടാവിളക്കുമായി  മുമ്പേ നടന്നുപോയ്‌..

എങ്കിലും ഇഷ്കിന്റെ നിലാതിങ്കളാം പുണ്യ പ്രവാചകരെ
അറിഞ്ഞാലും പറഞ്ഞാലും തീരാത്ത കവിതയാകും തങ്ങളെ
ഒരോര്‍മദിനത്തില്‍ മാത്രം 
ഓര്‍ത്തെടുക്കുന്നതല്ല ഞാനങ്ങയെ  
മറക്കില്ലൊരിക്കലും  മനസ്സില്‍ നിന്നും മൃതിയണയും നാള്‍ വരെ 

മദീനാ പൂങ്കാവില്‍ നിന്നും ശാശ്വതസ്വര്‍ഗത്തിലേക്ക്
ശഫാഅത്തിന്‍ തണലുമായ് മുത്ത്‌ നബിയെത്തുമ്പോള്‍
റൌളാശരീഫിന്നരികെ കരഞ്ഞുനിന്നിരുന്നീ അപരാധിയെ
കൈപിടിക്കാനെത്തും നബിയെ ഞാന്‍ കിനാവ്‌ കണ്ടോട്ടെ?
ഈ ഹൃദയം അവിടത്തോടുള്ള മുഹബ്ബത്താല്‍ നിറച്ചോട്ടെ?


സ്വല്ലള്ളാഹു അലാ മുഹമ്മദ്‌   സ്വല്ലള്ളാഹു അലൈഹി വസല്ലം
സ്വല്ലള്ളാഹു അലാ മുഹമ്മദ്‌   സ്വല്ലള്ളാഹു അലൈഹി വസല്ലം
___________________________________________© മോന്‍സ്  


Sunday, January 22, 2012

ഓര്‍ക്കാറുണ്ടോ എന്നെ നീ..?

ന്ന്....
മേയ് മാസത്തിലെ സായംസന്ധ്യയില്‍
പ്രതീക്ഷയുടെ ഒരു സൂര്യന്‍ കൂടെ
ദൂരെ ദൂരേക്ക് മാഞ്ഞുപോകുന്നേരം
നറുനിലാവിന്‍ നുറുങ്ങുവെട്ടവുമായ്
എന്നകതാരിലേക്ക് പെയ്തിറങ്ങിയ
പൂനിലാമഴയാണ് നീ...

പിന്നെ....
നിനക്കാത്ത നേരത്തോരുനാള്‍
"എന്നെ നീ മറന്നു പോയോ" എന്ന്
കളിയായ്‌ നീ പരിഭവിച്ചപ്പോയും
"നിന്നെ മറന്നാല്‍ ഞാനുണ്ടോ " എന്ന്
മറുപടിയായ് ഞാന്‍ ചൊല്ലിയപ്പോഴും
പരസ്പരം സ്നേഹിക്കയായിരുന്നുവെന്നു
അറിഞ്ഞിരുന്നില്ല നമ്മള്‍..................................

സൌഹൃദവും പ്രണയവും ഒളിച്ചു കളിച്ച
നമ്മുടെ കൌമാരത്തിനിടക്കെപ്പെഴോ 
നിന്‍ മനസ്സിലെ പാതിചാരിയ കിളിവാതിലില്‍
ആകാശം കാണാതെ കാത്തുവെച്ചൊരു
മയില്‍‌പീലിത്തണ്ട് നീ കണ്ടിരുന്നോ?
വെറുതെ ചോദിച്ചതാണ്..
മറ്റാര്‍ക്കും സ്വന്തമാവാത്ത
എന്റെ മനസ്സായിരുന്നത്..

ഇന്നലെ....
ഇഷ്ടം ഇഷ്ടത്തെ കണ്ടെതിയപ്പോഴേക്കും
കാലമൊരുപാട് ഇലകളെ കൊഴിച്ച്ചിരുന്നില്ലേ..!!
"നമുക്കെന്നെങ്കിലും ഒരുമിക്കാന്‍ കഴിയുമോ?"
ചോദ്യം നിന്‍റെതാണുഎന്നോടാണ്...
പാതിയില്‍ പൊഴിഞ്ഞേക്കാവുന്ന സ്വപ്നങ്ങള്‍ക്ക്
ചിറകു നല്‍കി പറക്കാന്‍ വിട്ടപ്പോയും
പ്രതീക്ഷയുടെ അവസാനത്ത ഇലയും
മണ്ണടിയും വരെ ശിശിരം കാത്തുനിന്നപ്പോഴും
ഇങ്ങേനെയൊരു ചോദ്യം നീ ചോദിക്കുമെന്നോ
അതിനൊരുത്തരം തരാന്‍ എനിക്കാവുമെന്നോ
ചിന്തിച്ചിരുന്നില്ല ഞാനൊരിക്കലും...  

അന്ന് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന നമ്മള്‍
ഇന്ന് നോക്കുന്നത് അകലങ്ങളിലേക്കാണ്..
അന്ന് സ്വപ്നങ്ങള്‍ക്ക് ജീവനേകിയ നമ്മള്‍
ഇന്ന് ഓര്‍മകളില്‍ ജീവിച്ചു തീര്‍ക്കുന്നു.. 
അറിയാതെ പറയാതെ പോയ്‌മറഞ്ഞതല്ല നീ 
അറിഞ്ഞിട്ടും പറഞ്ഞിട്ടും വിധിയില്ലാതെ പോയതാണ്..

എങ്കിലും സഖീ ഈ സ്നേഹം നിനക്കറിയാനാകും
നിന്നരികില്‍ പെയ്യും മഴത്തുള്ളികളിലും
കൂടെ തഴുകിയെത്തും കുളിര്‍ക്കാറ്റിലും
ഒരു പക്ഷെ നിന്റെ ഹൃദയമിടിപ്പില്‍ പോലും..

ഞാന്‍ എന്‍റെ നെഞ്ചില്‍ കൈവെക്കുമ്പോഴെല്ലാം
ആദ്യം നോവുന്നത് നിന്‍റെ മനസ്സിനാണെന്നത്
നീ പറഞ്ഞ വെറും വാക്കല്ലായിരുന്നെങ്കില്‍........................
തനിച്ചിരിക്കുമ്പോള്‍ കണ്ണുകള്‍ ആര്‍ദ്രമാകാറുണ്ടെങ്കില്‍..
ആ കണ്ണീരില്‍ എന്നോര്‍മകള്‍ വാചാലമാകാറുണ്ടെങ്കില്‍..   
___________________© മോന്‍സ്
Friday, January 20, 2012

മഴയോര്‍മ്മകള്‍...

ണ്ട്...
സ്കൂളില്‍ പോണ കാലം
... രാവിലെ വീട്ടില്‍ നിന്നിറങ്ങാന്‍ നേരം
ഉമ്മ വിളിച്ചു പറയും..
"മോനെ, കുടയെടുത്തു പൊയ്ക്കോ..
വൈന്നേരം വരുമ്പോ മഴപെയ്യും..."
എന്നിലെ ആ വികൃതിപയ്യന്‍
കുടയെടുക്കാതെ പോകും..

വൈകിട്ട് സ്കൂള്‍ വിട്ടു വരുമ്പോള്‍
തീര്‍ച്ചയായും മഴപെയ്തിട്ടുണ്ടാകും..
നനഞ്ഞൊലിച്ചു വരുന്ന എന്നെയും കാത്തു
ഒരു കയ്യില്‍ ചൂരല്‍ വടിയും മറ്റൊരു കയ്യില്‍
തലതോര്‍ത്തി തരാനുള്ള തോര്‍ത്ത്മുണ്ടുമായി
നില്‍ക്കുന്ന ഉമ്മാന്റെ മുഖം...

മനസ്സിലാക്കിയിരുന്നു അന്നേ ഞാന്‍
ഉമ്മയുടെ മൊഴികള്‍ പലപ്പോഴും
ദൈവ വചനങ്ങള്‍ തന്നെയാണെന്ന് ..

അല്ലെങ്കിലും
നിസ്സഹായതയില്‍
നമ്മള്‍ ഉരുവിട്ടുപോവുന്ന
ദൈവനാമമാണല്ലോ ഉമ്മ..
___________________© മോന്‍സ്
# ചിത്രം ഗൂഗിളില്‍ നിന്നും ചൂണ്ടിയത്..


Thursday, January 19, 2012

വക്ക്പൊട്ടിയ സ്ലേറ്റും വെള്ളമഷിത്തണ്ടും
ബാ
ല്യകാലത്തിന്റെ അറ്റത്ത്‌
കൈവീശിപ്പിരിയുന്നേരം

എനിക്ക് നീ തന്നത്
ഒരു കറുത്ത കൊത്തങ്കല്ല്..

നിനക്ക് പകരം തരാന്‍
എന്റെടുത്തുണ്ടായിരുന്നത്
വക്ക് പൊട്ടിയൊരു സ്ലേറ്റും
വെള്ളമഷിത്തണ്ടും മാത്രം..

എങ്കിലും അന്നത്തെ
ആ 'കൊടുക്കല്‍ വാങ്ങല്‍'
വേണ്ടിയിരുന്നില്ലെന്ന്
മനസ്സിപ്പോള്‍ പറയുന്നു..

നീ തന്ന കല്ലുപോലെയാണ്
എന്റെ മനസ്സെങ്കിലും
നീ കൊത്തിവെച്ച ഇഷ്ടം
ഇന്നുമീ കരിങ്കല്‍ മനസ്സിലുണ്ട്..

പക്ഷെ നിന്റെ മനസ്സ്
ആ സ്ലേറ്റു പോലെയായിരുന്നോ?
ഞാന്‍ തന്ന വെള്ളമഷിത്തണ്ട് കൊണ്ട് തന്നെ
നീയാ സ്നേഹവും മായ്ച്ചു കളഞ്ഞോ പെണ്ണെ?..
__________________________© മോന്‍സ്
# ചിത്രം ഗൂഗിളില്‍ നിന്നും ചൂണ്ടിയത്..


Tuesday, January 17, 2012

മഴനിലാവ്
ദ്യ കാഴ്ചയിലെ അനുരാഗം
സത്യമാണെന്നറിഞ്ഞത്
നിറഞ്ഞ കണ്ണുകളുമായ് പുഞ്ചിരിക്കും
ഉമ്മയെ കണ്ടപ്പോള്‍....

അടക്കിപ്പിടിച്ച സ്നേഹത്തിനു
ഇളം ചൂടാണെന്നറിഞ്ഞത്
വിരല്‍ തലോടലുകളാല്‍
ഉപ്പയുടെ നെഞ്ചിലുറങ്ങിയപ്പോള്‍....

വസന്തങ്ങളില്‍ വളര്‍ന്നു പന്തലിച്ചത് കാലങ്ങള്‍..
ശിശിരത്തില്‍ കൊഴിഞ്ഞത് ആയുസ്സിന്റെയിലകള്‍..
കണ്മുന്നില്‍ നിറഞ്ഞാടിയത് നനവൂറുമോര്‍മ്മകള്‍..
കഴിഞ്ഞു പോകുന്നത് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍..

എന്റെ ഓര്‍മകളെ തിരിച്ചു വിളിക്കാന്‍
മരണമെത്തും നാള്‍ വരെയും
ഈ ഇടനെഞ്ചില്‍ തന്നെയുറങ്ങും
എന്‍റെ ഉമ്മയുമുപ്പയുമെന്ന പുണ്യം..
പൊള്ളും ജീവിത വെയിലിലെ തണല്‍ മരങ്ങളായ്..
നേരിന്റെ വഴികളിലെ നന്മയുടെ വിളക്കുമരങ്ങളായ്..

യാ അല്ലാഹ്...!!
അവരുടെ ആയുസ്സിന്റെ നീളമേറ്റിക്കൊടുക്കണേ..
ഈ മനസ്സിലും ആ നന്മനിലാവ് നിറച്ചുതരണേ..!!!
_____________________________© മോന്‍സ്