Saturday, August 10, 2013

പെരുന്നാൾ പിറ്റേന്ന്











ചൂടാക്കി ചൂടാക്കി
ഇറച്ചി വരട്ടിയത്
രസം കെടും മുമ്പേ,
സ്കൂളും മദ്റസയും 
നാളെ തുറക്കുമെന്ന് പറഞ്ഞു
വല്ലിമ്മാരത്തു നിന്നും
സലാം ചൊല്ലി പിരിയും..

അന്നേരം
കൊന്തലക്കെട്ടിന്റെ ചൂടുള്ള
പത്തു രൂപയുടെ ഒറ്റ നോട്ട്
എന്റെ ഉള്ളം കയ്യിലേക്ക്
മടക്കി വെച്ച് തരും വല്ലിമ്മ..
"മുട്ട്ടായി വാങ്ങിക്കോൾണ്ടി ട്ടൊ മോനേ.."

"ങ്ങളാണോനെ വസളാക്ക്ണത്, 
പുളിയച്ചാറൊക്കെ വാങ്ങിത്തിന്ന്
ഓന്റെ നാവ് തോലു പോയിരിക്ക്യാമ്മേ"ന്ന്
എന്റുമ്മ കുറ്റം പറയും..
"കണ്ണും ദിക്കും നോക്കി പോണേ"ന്നു 
അപ്പോഴും വല്ലിമ്മ നെടുവീർപ്പിടും..

ഇന്നലെ 
കണ്ണെത്താ ദൂരത്തിനും
അപ്പുറത്തു നിന്നും ഞാൻ
വല്ലിമ്മാക്ക് വിളിച്ചു..
'വല്ലിമ്മാ ഇത് മോനാണ്.."

'ഇജ്ജെപ്പം വിളിക്കുമ്പോ ന്തിനാങ്ങനെ
മോനാ മോനാന്നു പറയണേ? 
അന്റെ ഒച്ച എത്ര ദൂരത്ത്ന്നു കേട്ടാലും
ഇച്ച് മനസ്സിലാകും കുട്ട്യേ..'

കേള്വി കുറഞ്ഞു
ഓർമകളിൽ തടഞ്ഞുവീണ് 
അരികത്തുള്ളവരെപ്പോലും അറിയാതെ 
ഒറ്റക്കിരിക്കുന്ന വല്ലിമ്മാന്റെ മനസ്സ്
എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ
'പെരുന്നാളൊക്കെ കഴിഞ്ഞോ മ്മാ'ന്ന്
ചോദിക്കാൻ മറന്നു പോയിരുന്നു ഞാൻ..
ആ കോന്തല കെട്ടിലിപ്പോഴും
പുത്തൻ നോട്ട് കരുതി വെക്കാറുണ്ടോന്നും..
_________________________© മോന്‍സ്

Photo 
© Latheef Nellichode

3 comments:

  1. ഇന്നെന്നിൽ ഓർമകൾ ഇവയെല്ലാം

    ReplyDelete
  2. മോൻസ്,

    കണ്ണും,ദിക്കും നോക്കി നടത്താൻ, കണ്ണെത്താദൂരത്തുള്ള നല്ല മനസ്സുകളുടെ പ്രാർഥന കൂടെയുണ്ടാവും.സംശയം വേണ്ട.സ്നേഹമുള്ള വരികൾ.
    വളരെയിഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
  3. സ്നേഹമുള്ള കവിത. നന്നായിട്ടുണ്ട്.
    ചോദിച്ചാലും ഇല്ലെങ്കിലും നിനക്കുള്ള പുതിയ പത്തു രൂപ നോട്ടു അവിടെത്തന്നെ കാണും.

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?