Thursday, August 22, 2013

കിനാശലഭം












നിദ്രയുടെ മിഴികളെന്നെ
മാടി മാടിവിളിക്കുന്നേരം
ചിറകു മുളച്ച കിനാവൊരു
ചിത്രശലഭമായ് 
പറന്നുയർന്നു പോകാറുണ്ട്..

മഴയുടെ നൂലിഴകളിൽ
തണുത്തു വിറച്ച്
നിന്റെ ജനവാതിൽക്കൽ
വെറുതെ വന്നിരിക്കാറുണ്ട്..

തനിച്ചായിപ്പൊയെന്ന
നിന്റെ വിതുമ്പലിൽ
നഷ്ടപ്പെട്ടു പോകുന്ന
എന്നെ തിരിച്ചറിയാറുണ്ട്..

നിന്റെ കണ്ണീരു തുടക്കാൻ
എന്റെ ചിറകുകൾക്കാവില്ലെന്നു
ഒരു നൂറു പ്രാവശ്യമെങ്കിലും
ശബ്ദം താഴ്ത്തി പറയാറുണ്ട്..

ഒരു നെടുവീർപ്പിനപ്പുറം
നിന്റെ ഹൃദയമിടിപ്പിങ്ങിനെ
ഉയർന്നു കേൾക്കുമ്പോഴേക്കും
നീയില്ലാത്ത ലോകത്തേക്ക്
ഉണർന്നു പോകാറുമുണ്ട്..

എങ്കിലും സഖീ..
തോരാത്ത നിലാമഴയുള്ള
നിന്റെ പൂങ്കാവനത്തിൽ
ഞാനൊരിക്കൽ കൂടെ
പാറി നനഞ്ഞോട്ടെ..

കണ്ടിട്ടും കണ്ടിട്ടും
കൊതിതീരാ കിനാവിലേക്ക്
കണ്ണുകൾ ഇറുകെയടച്ചോട്ടെ..
____________________© മോന്‍സ്



3 comments:

  1. ഇത് കൊള്ളാലോ!!

    ReplyDelete
  2. നല്ല വരികൾ.എന്താ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാത്തത്?

    ശുഭാശംസകൾ...

    ReplyDelete
  3. നല്ല വരികൾ പ്രിയാ

    ആശംസകൾ

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?