Saturday, September 21, 2013

ഓർമച്ചൂട്ട്














ണ്ട് 
മദ്റസും വിട്ടു രാത്രിയിലാണ് 
നിലാവു ചോരുന്ന തറവാട്ടിലേക്ക്
ഞങ്ങൾ കുട്ടികളെല്ലാരും
കൂടാൻ പോകാറുള്ളത്..

തേങ്ങാച്ചോറൊക്കെ തിന്ന്,
പുൽപ്പായയിൽ സ്ഥലം പിടിച്ചു 
ഉറക്കം തൂങ്ങിയിരിപ്പുണ്ടാകും 
നേരത്തെ വന്ന എളാപ്പന്റെ മക്കൾ..

പറഞ്ഞിട്ടും തീരാത്ത
വല്ലിമ്മാന്റെ ഖിസ്സകൾ
കേട്ടുകേട്ടുറങ്ങുമ്പോൾ
ഇറയത്ത്‌ തച്ചുകെടുത്തിയ ചൂട്ട്
പുകയുന്നുണ്ടാകും പിന്നേയും..

വല്ലിമ്മ
മഞ്ഞുറഞ്ഞു കിടക്കും പുലരിയിൽ
രാത്രി മഴയേറി വന്ന ഈറൻ കാറ്റ്
പറിച്ചെറിഞ്ഞിട്ട ഇലകളെ
കുറ്റിച്ചൂലു കൊണ്ട് ഇക്കിളിയാക്കും..
മുറ്റത്തെ ഇലകളും
തൊടിയിലെ ചമലകലും
അടിച്ചു കുന്നുകൂട്ടി തീയിടും.. 
ചുറ്റും കൂനിപ്പിടിച്ചിരുന്നു 
തീകായും ഞങ്ങളെല്ലാരും..

തീ നാളത്തിനു മുകളിൽ വെച്ച കൈ
പരസ്പരം മുഖങ്ങളിൽ അമർത്തി
ആ ഇളം ചൂടിലങ്ങിനെ
മതിമറന്നിരിക്കുമ്പോൾ
സ്വർണനൂലിന്റെ കൊലുസ്സണിഞ്ഞു
ചിരിതൂകിയെത്തും പകൽ പതിയെ..

കഴിഞ്ഞ അവധിക്കാലത്തെ
ഡിസംബറിലെ ഒരു വെളുപ്പിന്
ആവി പിടിച്ച്ചോണ്ടിരിക്കുന്ന
വല്ലിമ്മാന്റെ അടുത്ത്
തണുത്തു വിറച്ചിരുന്നപ്പോൾ
ഒരിക്കൽ കൂടിയെന്റെ ഓർമച്ചൂട്ട്
കത്തിച്ചു തന്നു വല്ലിമ്മാ:
"ഒന്നു തീകായാൻ പൂതിയാകുന്നില്ലേ കുട്ട്യേ"

ചോദ്യത്തിലേക്ക് പിടിവിട്ടു വീണപ്പോഴേക്കും
ഉത്തരത്തിന്റെ പിടിവള്ളി
വല്ലിമ്മ തന്നെ ഇട്ടു തന്നിരുന്നു:

"അയ്ന് തീകായാൻ എവിട്യാലെ എലകൾ?..
എലകള് ണ്ടാകുമ്പളല്ലേ ചമലണ്ടാകൂ..
മരങ്ങൾ മുഴുവൻ വെട്ടിട്ടാഞ്ഞീലേ..
തറവാടിന് ചുറ്റുംള്ള തൊടീല് നെറയെ
ന്റെ കുട്ട്യള് പൊരണ്ടാക്കീലേ..
ന്നാലും സാരല്ല്യ.. ന്റെ കുട്ട്യേളല്ലേ..
ഓരെ ഇത്രയും വളർത്തി വലുതാക്ക്യേന്റെ
കനല് മുഴുവൻ ഈ നെഞ്ചില്ണ്ട്.
ന്റെ തണുപ്പ് മാറ്റാൻ അതന്നെ മതീ.."
__________________________© മോന്‍സ്


Friday, August 30, 2013

സ്നേഹം, പ്രണയം പിന്നെ ഇഷ്ടവും













ദിയിൽ നിറയെ പൂക്കളുള്ള ഒരു പൂങ്കാവനമുണ്ടായിരുന്നു.
മുൾവേലി കൊണ്ടുള്ള അതിരിനപ്പുറം കാവലിനു രണ്ടു പേരും.
'സ്നേഹ'വും 'പ്രണയ'വും.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളോടായിരുന്നു അവരുടെ 'ഇഷ്ടം'.
പൂവിരിയാന്‍ നിത്യവും ചെടിക്ക് വെള്ളമൊഴിച്ച് കൊടുത്തത് 'സ്നേഹം'. 
നീണ്ട കാത്തിരിപ്പിന്റെ അവസാനം പൂതിപൂത്തു.
ആശാമരച്ചില്ലയിൽ നിറയെ 'ഇഷ്ട'ങ്ങളങ്ങിനെ വിരിഞ്ഞു നിന്നപ്പോൾ
ഓടിവന്നു പറിച്ചെടുത്തു കളഞ്ഞത് 'പ്രണയം'.
വാടിത്തളർന്ന്, 'പ്രണയ'ത്തിന്റെ കാലുകൾക്കിടയിൽ പിടഞ്ഞു തീർന്ന 'ഇഷ്ട'ത്തെ 'സ്നേഹം' മിഴിവാർത്ത് നോക്കിനിന്നു.
പൊട്ടിത്തകർന്ന കിനാവിന്റെ ആഴത്തിലൊരു കുഴികുത്തി സ്നേഹമതിനെ മറമാടി. മണ്ണിനു മീതെ നിറയെ മുള്ളുകളുള്ള ഒരു കള്ളിച്ചെടി നട്ടു 'സ്നേഹം' തിരിഞ്ഞു നടന്നു.
_______________________________© മോന്‍സ്

Thursday, August 22, 2013

കിനാശലഭം












നിദ്രയുടെ മിഴികളെന്നെ
മാടി മാടിവിളിക്കുന്നേരം
ചിറകു മുളച്ച കിനാവൊരു
ചിത്രശലഭമായ് 
പറന്നുയർന്നു പോകാറുണ്ട്..

മഴയുടെ നൂലിഴകളിൽ
തണുത്തു വിറച്ച്
നിന്റെ ജനവാതിൽക്കൽ
വെറുതെ വന്നിരിക്കാറുണ്ട്..

തനിച്ചായിപ്പൊയെന്ന
നിന്റെ വിതുമ്പലിൽ
നഷ്ടപ്പെട്ടു പോകുന്ന
എന്നെ തിരിച്ചറിയാറുണ്ട്..

നിന്റെ കണ്ണീരു തുടക്കാൻ
എന്റെ ചിറകുകൾക്കാവില്ലെന്നു
ഒരു നൂറു പ്രാവശ്യമെങ്കിലും
ശബ്ദം താഴ്ത്തി പറയാറുണ്ട്..

ഒരു നെടുവീർപ്പിനപ്പുറം
നിന്റെ ഹൃദയമിടിപ്പിങ്ങിനെ
ഉയർന്നു കേൾക്കുമ്പോഴേക്കും
നീയില്ലാത്ത ലോകത്തേക്ക്
ഉണർന്നു പോകാറുമുണ്ട്..

എങ്കിലും സഖീ..
തോരാത്ത നിലാമഴയുള്ള
നിന്റെ പൂങ്കാവനത്തിൽ
ഞാനൊരിക്കൽ കൂടെ
പാറി നനഞ്ഞോട്ടെ..

കണ്ടിട്ടും കണ്ടിട്ടും
കൊതിതീരാ കിനാവിലേക്ക്
കണ്ണുകൾ ഇറുകെയടച്ചോട്ടെ..
____________________© മോന്‍സ്



Saturday, August 10, 2013

പെരുന്നാൾ പിറ്റേന്ന്











ചൂടാക്കി ചൂടാക്കി
ഇറച്ചി വരട്ടിയത്
രസം കെടും മുമ്പേ,
സ്കൂളും മദ്റസയും 
നാളെ തുറക്കുമെന്ന് പറഞ്ഞു
വല്ലിമ്മാരത്തു നിന്നും
സലാം ചൊല്ലി പിരിയും..

അന്നേരം
കൊന്തലക്കെട്ടിന്റെ ചൂടുള്ള
പത്തു രൂപയുടെ ഒറ്റ നോട്ട്
എന്റെ ഉള്ളം കയ്യിലേക്ക്
മടക്കി വെച്ച് തരും വല്ലിമ്മ..
"മുട്ട്ടായി വാങ്ങിക്കോൾണ്ടി ട്ടൊ മോനേ.."

"ങ്ങളാണോനെ വസളാക്ക്ണത്, 
പുളിയച്ചാറൊക്കെ വാങ്ങിത്തിന്ന്
ഓന്റെ നാവ് തോലു പോയിരിക്ക്യാമ്മേ"ന്ന്
എന്റുമ്മ കുറ്റം പറയും..
"കണ്ണും ദിക്കും നോക്കി പോണേ"ന്നു 
അപ്പോഴും വല്ലിമ്മ നെടുവീർപ്പിടും..

ഇന്നലെ 
കണ്ണെത്താ ദൂരത്തിനും
അപ്പുറത്തു നിന്നും ഞാൻ
വല്ലിമ്മാക്ക് വിളിച്ചു..
'വല്ലിമ്മാ ഇത് മോനാണ്.."

'ഇജ്ജെപ്പം വിളിക്കുമ്പോ ന്തിനാങ്ങനെ
മോനാ മോനാന്നു പറയണേ? 
അന്റെ ഒച്ച എത്ര ദൂരത്ത്ന്നു കേട്ടാലും
ഇച്ച് മനസ്സിലാകും കുട്ട്യേ..'

കേള്വി കുറഞ്ഞു
ഓർമകളിൽ തടഞ്ഞുവീണ് 
അരികത്തുള്ളവരെപ്പോലും അറിയാതെ 
ഒറ്റക്കിരിക്കുന്ന വല്ലിമ്മാന്റെ മനസ്സ്
എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ
'പെരുന്നാളൊക്കെ കഴിഞ്ഞോ മ്മാ'ന്ന്
ചോദിക്കാൻ മറന്നു പോയിരുന്നു ഞാൻ..
ആ കോന്തല കെട്ടിലിപ്പോഴും
പുത്തൻ നോട്ട് കരുതി വെക്കാറുണ്ടോന്നും..
_________________________© മോന്‍സ്

Photo 
© Latheef Nellichode

Wednesday, May 30, 2012

ഔട്ട്‌ ഓഫ് സിലബസ്














ഹളമയമായ അഞ്ചാം ക്ലാസ്.
കൈകള്‍ മേശക്കു മുകളില്‍ അടിച്ചു ടീച്ചര്‍ 'സൈലെന്‍സ്' പറഞ്ഞു.
ശാന്തരായ കുട്ടികളോട് ടീച്ചര്‍ ചോദിച്ചു:
"മനുഷ്യനു ഈ ലോകത്ത് ജീവിക്കാന്‍ അത്യാവശ്യം വേണ്ടത് എന്താണ്?
'വായു', 'ജലം', 'വെള്ളം', 'പാര്‍പ്പിടം',  'ഭൂമി',.  പുസ്തകത്തില്‍ തന്നെ ഉറങ്ങിയെഴുന്നേല്‍ക്കുന്ന 'പഠിപ്പിസ്റ്റു'കളുടെ ഉത്തരങ്ങള്‍ നീണ്ടു പോയി.
ഒരു ചോദ്യത്തിനു ഒരുപാട് ശരിയുത്തരങ്ങള്‍ ലഭിച്ചപ്പോള്‍ കുട്ടികളുടെ 'ജനറല്‍ നോളജും', തന്റെ ശിക്ഷണത്തിന്റെ പുരോഗതിയുമോര്‍ത്തു ടീച്ചര്‍ പുളകം കൊണ്ടു.
അപ്പോഴാണ്‌  ക്ലാസ്സിനു പുറത്തെ ചുമരില്‍ ചാരി നിന്നിരുന്ന കുട്ടി മറ്റൊരു ഉത്തരം പറഞ്ഞത്.
"മന:സ്സമാധാനം".
ഡാഡിയും മമ്മിയും തമ്മിലുള്ള സൌന്ദര്യപ്പിണക്കം കാരണം നിത്യവും നേരം വൈകിയെത്തി പുറത്തു നില്‍ക്കേണ്ടി വരുന്ന ആ കുട്ടിയുടെ ഉത്തരം 'ഔട്ട്‌ ഓഫ് സിലബസ്' ആയിരുന്നു.
___________________© മോന്‍സ്



Saturday, April 21, 2012

മഴയോട് പറയാനുള്ളത്













മഴ പെയ്തുതോര്‍ന്ന നേരം
മഴവില്ലിന്‍ നിറമേഴും പകര്‍ന്നു 
ഇടവഴിയിലെ മരങ്ങളെ
ഇളംവെയില്‍ സ്വന്തമാക്കി..

നനഞു കുതിര്‍ന്നൊരു
വര്‍ഷകാല കിനാക്കളില്‍
സുഖമായുറങ്ങുകയായിരുന്ന
മരവും ദലമര്‍മരങ്ങളും
അറിഞ്ഞതേയില്ല ഒന്നും..

മഴയുടെ നെടുവീര്‍പ്പുകള്‍
നഷ്ടപ്രണയത്തിന്‍ ദൂതുമായ്‌
കാറ്റായ് തേടിയെത്തിയ നേരം
ഇലത്തുമ്പില്‍ തളംകെട്ടിക്കിടന്ന
അവസാന മഴയോര്‍മയും പൊഴിച്ച്
പ്രണയവിവശയായ് മരം ചോദിച്ചു:

"ദൂരെ ഒളിച്ചിരിക്കും നിലാമഴയോട്
ഒന്നൂടെ വരാന്‍ പറയുമോ ഇതിലേ?
വെറുതെ പെയ്തൊഴിയാനല്ല;
നിര്‍ത്താതെ തിമിര്‍ത്തു പെയ്യാന്‍
മനം കുളിരണിയും വരെയല്ല;
മൃതിയുടെ മണ്ണിലടിയും വരെ..!!"
________________© മോന്‍സ്




Sunday, April 8, 2012

മഴച്ചിത്രങ്ങള്‍















റയത്തിറ്റിക്കൊണ്ടിരിക്കുന്ന

മഴനൂലില്‍ കോര്‍ത്ത
അനുരാഗ മുത്തുകളുടെ
തിളക്കം കണ്ടിരിക്കാന്‍ രസമാണ്!!

കാത്തു കാത്തു നിന്നിരുന്ന
വേഴാമ്പലിനെ പോലും മറന്നു
നോക്കി നോക്കി നില്‍ക്കെ
കണ്മുന്നില്‍ പെയ്തുതോരുമ്പോള്‍
മഴ ബാക്കിവെക്കുന്നത്‌ സങ്കടമാണ്!!

"കര്‍ക്കിടകം വരുന്നതിന്റെ മുന്നേ
പൊട്ടിയ ഓടും പട്ടികയും കൈക്കോലും
ഒന്ന് മാറ്റിയിടേണ്ടെ മോനെ?"
ചോദ്യത്തിന്റെ ഉത്തരം കടമാണ് !!
അല്ല, കടം മാത്രമാണ് !!!
___________________© മോന്‍സ്